കൊച്ചേട്ടന്റെ കത്ത്
പ്രിയ ഡിസിഎൽ കൂട്ടുകാരേ,
"നീ വേദനിക്കുന്നതിൽ എനിക്കു വേദനയില്ല'' എന്ന് ഒരാൾ ചിന്തിക്കണമെങ്കിൽ അയാളിൽ മൃഗീയത ഭരണം തുടങ്ങിയിരിക്കണം.'' ഈ അടുത്ത കാലത്താണ്, ഇത്തരമൊരു ചിന്ത എന്റെ മനസിനെ മഥിക്കാൻ തുടങ്ങിയത്. സമൂഹമാധ്യമങ്ങളിൽ വൈറലായി ഓടിയ നിരവധി വീഡിയോകളാണ് ഈ ചിന്ത ഉറപ്പിച്ചത്. സ്കൂൾ വിദ്യാർഥികളുടെ കലഹങ്ങളും വഴക്കുകളും വഴിവിട്ടു വളർന്ന്, തനി ക്വട്ടേഷൻ ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിന്റെ പകർത്തുബുക്കുകളായി മാറുന്ന ക്രൂരമായ കാഴ്ചകൾ!
സ്വന്തം ക്ലാസിൽ പഠിക്കുന്ന സഹപാഠിയെ കൂട്ടംകൂടി ക്രൂരമായി തല്ലിച്ചതയ്ക്കുന്ന വീഡിയോകൾ! രക്ഷിക്കണേ എന്ന് അതിദയനീയമായി കൈകൂപ്പി കേഴുന്ന സഹപാഠിയെ പേപ്പട്ടികളെപ്പോലെ കടിച്ചുകീറുന്ന ക്രിമിനലുകൾ! എങ്ങനെ സാധിക്കുന്നു ഇതുപോലെ പെരുമാറാൻ! എന്തിനുവേണ്ടിയാണ്, കൂട്ടുകാരേ, ഇതുപോലെ തല്ലിക്കൊല്ലുന്നത്്? മുന്പെങ്ങുമില്ലാതിരുന്ന ഇത്തരം ക്രൂരതകൾക്കുള്ള കാരണങ്ങൾ മനഃശാസ്ത്രജ്ഞന്മാർ ഗൗരവമായി അന്വേഷിക്കുന്നുണ്ട്.
സാമൂഹിക- മാനസിക ഘടകങ്ങൾ: കൗമാരക്കാർക്ക് സ്വന്തം ഐഡന്റിറ്റി കണ്ടെത്താനുള്ള വ്യഗ്രതയുണ്ട്. സുഹൃത്തുക്കളുടെയിടയിൽ സ്റ്റാറ്റസ്, പോപ്പുലാരിറ്റി, പ്രണയം, പഠനം എന്നിവയിൽ മത്സരമുണ്ടാകുന്പോൾ, ചെറിയ കാര്യങ്ങൾപോലും വലിയ ശത്രുതയ്ക്കു കാരണമാകും.
വീട്ടിലെ പ്രശ്നങ്ങൾ, വഴക്ക്, ആരും സ്നേഹിക്കാനില്ല എന്ന തെറ്റുധാരണ, അമിത സമ്മർദം തുടങ്ങിയവ പലരും സ്കൂളിലേക്കു കൊണ്ടുവരുന്നുണ്ട്. ചിലർക്ക് വൈകാരിക, നിയന്ത്രണത്തിനുള്ള ഒരു പരിശീലനവും വീട്ടിൽ കിട്ടുന്നില്ല. ഈശ്വരവിശ്വാസമില്ലാതെ, പ്രാർത്ഥിക്കാനറിയാതെ, മാനുഷിക- ആത്മീയ മൂല്യങ്ങളറിയാതെ, വഴിയിറന്പു സംസ്കാരത്തിൽത്തന്നെ വളരുന്ന കുട്ടികളുണ്ട്. അവർക്ക് കോപം നിയന്ത്രിക്കാനുള്ള കഴിവില്ല.
സമപ്രായ സമ്മർദവും പ്രധാന ഘടകമാണ്. കൂട്ടുകാരുടെ ഗ്രൂപ്പിൽ ഒരാൾ അക്രമാസക്തനാണെങ്കിൽ സ്വന്തം വ്യക്തിത്വമില്ലാത്ത മറ്റുള്ളവരും അത് അനുകരിക്കും!
സോഷ്യൽമീഡിയയുടെ സ്വാധീനം :കേരളത്തിൽ സോഷ്യൽ മീഡിയ അഡിക്ഷൻ പ്രായഭേദമില്ലാതെ ഒരു പകർച്ചവ്യാധിപോലെ ആയിക്കഴിഞ്ഞു. വിദ്യാർഥികളിലാണ് ഈ സമൂഹമാധ്യമ അടിമത്തം ഏറ്റവും കൂടുതലുള്ളത്!
സൈബർ ബുള്ളിംഗ് ആണ് ഏറ്റവുമധികം വ്യാപിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഭീഷണിയാണിത്. ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, സ്നാപ്ചാറ്റ് എന്നിവയിലെ അപകീർത്തിപ്പെടുത്തൽ, ഗ്രൂപ്പ് ഔട്ട് ചെയ്യൽ, മീംസ് വീഡിയോകൾ എന്നിവ വഴി ശത്രുത പെരുകുകയാണ്.
ഫൈറ്റ് വീഡിയോകൾ, - കർശനമായി നിരോധിക്കണം. സ്കൂൾ ഫൈറ്റ് വീഡിയോകൾ റെക്കോഡ് ചെയ്ത്, ഫൈറ്റ് പേജുകളിൽ പോസ്റ്റുചെയ്യുന്നതു വ്യാപകമായിരിക്കുകയാണ്! ലൈക്കിനും വ്യൂസിനും ഷെയറിനുംവേണ്ടി ഫൈറ്റുകൾ അതി ക്രൂരമാക്കുന്നതും വർധിക്കുകയാണ്.
അൽഗോരിതം ഇഫക്ടാണ് ഏറെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വയലന്റ് കണ്ടന്റ് തുടരെ കാണുന്നയാൾക്ക് കൂടുതൽ വയലന്റായ വീഡിയോകൾ തന്നെ ലഭിക്കുന്നു. അതു കുട്ടികളുടെ മനസിൽ "ഡിസെൻസിറ്റൈസേഷൻ' - വൈകാരിക മരവിപ്പ് - എന്നൊരവസ്ഥ സൃഷ്ടിക്കുന്നു. എത്ര ക്രൂരതകൾ കണ്ടാലും ഒരു വികാരവുമില്ലാതാകുന്നു! മാതാപിതാക്കൾ ഇതിന് അതീവ ശ്രദ്ധ നൽകിയില്ലെങ്കിൽ അവരുടെ ജീവിതവും അപകടത്തിലാകും!
പ്രിയ കൂട്ടുകാരേ, ഇതുമാത്രമല്ല, വീഡിയോ ഗെയിമുകളും അന്ത്യന്തം അപകടകരമാണ്. പബ്ജി, ഫ്രീ ഫയർ, ജി.റ്റി.എ. തുടങ്ങിയ ചതിയൻ ഗെയിമുകളിൽ കൂട്ടുകാർ ഒരിക്കലും കുടുങ്ങരുത്. അവ മാരകമായ കുരുക്കുകൾ തന്നെയാണ്! ഈ ഓൺലൈൻ ഗെയ്മുകളിലെ ട്രാഷ് - ടോക്കും ടീം റൈവൽറിയും നമ്മുടെ യഥാർത്ഥ ജീവിതത്തിലേക്കും വരാം. സ്വതവേ അഗ്രസീവ് സ്വഭാവമുള്ള കുട്ടികളിൽ ഇതു കാട്ടുതീപോലെ പടരും. അവരുടെ ഭാവിജീവിതം കത്തിച്ചാന്പലാക്കും!
അതിനാൽ ഡിജിറ്റൽ നേറ്റീവ്സ് എന്ന നിലയിൽ ജെൻ, ഇസഡ് (Gen -Z) ആൽഫാ (Alpha) കുട്ടികൾക്ക് ഓൺലൈൻ - ഓഫ് ലൈൻ ബോർഡർ നഷ്ടപ്പെടുന്ന അപകടക്കാലമാണിത്. ഇത്തരത്തിലുള്ള സമൂഹമാധ്യമ അടിമകൾക്ക് സഹാനുഭൂതി, സ്നേഹം, ക്ഷമ, സേവനം, കരുണ തുടങ്ങിയ മാനവിക മൂല്യങ്ങളെ ഉൾക്കൊള്ളാൻ കഴിവില്ലാത്തവരാകുന്നു! എന്റെ "സ്ക്രീൻ ടൈം' ഓരോ ദിവസവും കൂടുന്നുണ്ടോ എന്ന് സ്വയം നിരീക്ഷിക്കണം. നമുക്കു മനുഷ്യനന്മയിലേക്കു മടങ്ങിവരാം. വീട്ടിലും ക്ലാസിലും, നമുക്ക് കൂടുതൽ നേരം പരസ്പരം സംസാരിക്കാം. ആരേയും വേദനിപ്പിക്കാത്ത തമാശകൾ പറയാം. നല്ല കൂട്ടുകാരാകാം, കാട്ടുജീവികളാകാതിരിക്കാം.
സ്നേഹത്തോടെ,
സ്വന്തം കൊച്ചേട്ടൻ